11:06am 20 May 2026
NEWS
ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി
19/05/2026  01:30 PM IST
nila
 ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം നായകളെ പിടികൂടുകയും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 

സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു. പിടികൂടിയ നായകളെ പഴയ സ്ഥലത്തുതന്നെ തിരിച്ചുവിടണമെന്ന മുൻ ഉത്തരവിൽ ഇളവ് നൽകാൻ കോടതി തയ്യാറായില്ല.

പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും, മൃഗഭീഷണിയെ തുടർന്ന് ജനങ്ങളുടെ സ്വാതന്ത്ര്യം തടസപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

അനിമൽ ബർത്ത് കൺട്രോൾ (ABC) ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയിരുന്നുവെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനാകുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു എ.ബി.സി. കേന്ദ്രമെങ്കിലും സ്ഥാപിക്കണം. ജനസാന്ദ്രത കൂടുതലുള്ള ജില്ലകളിൽ അതനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, ആന്റി റാബിസ് വാക്സിന്റെ ലഭ്യത ഉറപ്പാക്കാനും നിർദേശം നൽകി.

ദേശീയപാതകൾ, എക്സ്പ്രസ് വേകൾ, മറ്റ് പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കം ചെയ്യാനും സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img